പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ യു എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. യു എസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിനു തിരികൊളുത്തി എന്നാരോപിച്ചാണ് കോൺഗ്രസ്സിലെ ഡെമോക്രാറ്റുകൾ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണമെന്ന് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനോടും ക്യാബിനെറ്റിനോടും ആവശ്യപ്പെടുന്ന പ്രമേയം റിപ്പബ്ലിക്കൻ അംഗങ്ങൾ തടഞ്ഞതിനെത്തുടർന്നാണ് ഇംപീച്ച്മെന്റ് പ്രമേയത്തിലേക്ക് ഡെമോക്രാറ്റുകൾ തിരിഞ്ഞത്.
അഞ്ചു പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ കലാപത്തിന് തന്റെ അനുകൂലികളെ പ്രേരിപ്പിച്ച ഡോണൾഡ് ട്രംപ് രാജ്യ സുരക്ഷയ്ക്കും, ജനാധിപത്യത്തിനും, ഭരണഘടനയ്ക്കും ഭീഷണിയാണ് എന്ന് ആരോപിച്ചാണ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിൽ, ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ട് വന്നിരിക്കുന്നത്. ജനപ്രതിനിധി സഭയിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.
പ്രസിഡന്റ് പദവിയുടെ കാലാവധി പൂർത്തിയാക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എന്തിനാണ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് എന്ന ചോദ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇതിന് വ്യക്തമായി ഉത്തരം നൽകിയത് വെർമോണ്ട് സെനറ്ററും ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രോഗ്രസ്സിവ് വിഭാഗത്തിന്റെ നേതാവുമായ ബേർണീ സാൻഡേഴ്സ് ആണ്. ഇനി ഒരിക്കലും ഒരു പ്രസിഡണ്ട് അമേരിക്കൻ ഭരണകൂടത്തിന് നേരെ കലാപം അഴിച്ചു വിടരുത് എന്ന കീഴ്‌വഴക്കം സൃഷ്ടിക്കാനാണ് ഇംപീച്ച്മെന്റ് നടത്തേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇംപീച്ച്മെന്റ് പ്രമേയം ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ വളരെ വേഗത്തിൽ പാസ്സാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഇംപീച്ച്മെന്റ് ആർട്ടിക്കിൾസ് സെനറ്റിന് വിടുന്നത് ഉടനെയായിരിക്കില്ല. ജോ ബൈഡൻ അധികാരമേറ്റ് നൂറു ദിവസങ്ങൾ കഴിഞ്ഞിട്ടായിരിക്കും മിക്കവാറും ഇതുണ്ടാകുക.
ഇംപീച്ച്മെന്റ് നടപടികൾ കോൺഗ്രസിന്റെ ചുമതലയാണെന്നും അധികാരമേറ്റാൽ ഉടനടി നടപ്പാക്കേണ്ട മറ്റ് ജോലികളിലായിരിക്കും തന്റെ ശ്രദ്ധയെന്നുമാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ഇതേക്കുറിച്ചു പ്രതികരിച്ചത്.
രണ്ടു തവണ ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന അമേരിക്കയിലെ ആദ്യ പ്രസിഡന്റ് ആവുകയാണ് ഡോണൾഡ് ട്രംപ്. 2019 ഡിസംബറിൽ ആയിരുന്നു ആദ്യത്തെ നടപടി. ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ ഉക്രയ്ൻ പ്രസിഡന്റിനു മേൽ സമ്മർദ്ദം ചെലുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തു എന്നതായിരുന്നു അന്നത്തെ കാരണങ്ങൾ. ജനപ്രതിനിധി സഭയിൽ പ്രമേയം പാസായെങ്കിലും റിപ്പബ്ലിക്കൻ ആധിപത്യമുള്ള സെനറ്റിൽ പരാജയപ്പെടുകയിരുന്നു. റിപ്പബ്ളിക്കൻ പാർട്ടിയിൽ നിന്ന് സെനറ്റർ മിറ്റ് റോംനി മാത്രമാണ് അന്ന് പ്രമേയത്തെ പിന്തുണച്ചത്.
ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള കൂടുതൽ സെനറ്റർമാർ ഇംപീച്ച്മെന്റിനെ പിന്താങ്ങാൻ സാധ്യതയുണ്ട്. സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം അനുകൂലമായി വോട്ടു ചെയ്‌താൽ മാത്രമേ പ്രമേയം പാസാകുകയുള്ളൂ.
ജോർജിയയിൽ നടന്ന സെനറ്റ് തിരെഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിലും വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ സ്ഥാനമേൽക്കുന്നതോടെ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈയ്യിലായിരിക്കും എന്നതും നിർണ്ണായകമാണ്.






