നഴ്‌സിംഗ് ജോലിക്കെന്ന പേരില്‍ കുവൈറ്റിലേക്ക് കൊണ്ടു പോയ ഏജന്റും കൂട്ടാളികളും ഉപദ്രവിച്ചതായി യുവതിയുടെ പരാതി

നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടു പോയ ശേഷം ഏജന്റും കൂട്ടാളികളും ചേര്‍ന്ന് അതിക്രൂരമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന് യുവതിയുടെ പരാതി. കോഴിക്കോട് ഇസ്മ ഏജന്‍സി വഴി പോയ യുവതിയാണ് സംഭവം തുറന്നു പറഞ്ഞിരിക്കുന്നത്. ഏജന്റിന്റെ കൈയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറയുന്നു

കുവൈത്തില്‍ ജോലിക്കു പോയ ആലപ്പുഴ സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇനി ഒരു യുവതി പോലും ചതിയില്‍പെടരുതെന്നുള്ളതുകൊണ്ടാണ് ഏജന്റിന്റെ അടുത്ത് നിന്ന് രക്ഷപെട്ടെത്തിയ യുവതി തനിക്കുണ്ടായ അനുഭവം ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലിനോടാണ് വെളിപ്പെടുത്തിയത്. ആറു ദിവസം പച്ചവെള്ളം പോലും നല്‍കാതെ ഏജന്റിന്റെ മുറിയില്‍ പൂട്ടിയിട്ടു. അറബി മാനസിക ചികിത്സ തേടുന്നയാളായിരുന്നു. അദ്ദേഹം തന്നെ ഒരുപാട് ഉപദ്രവിച്ചു. രണ്ടു മാസത്തോളം മര്‍ദനം സഹിച്ച് നിന്നെങ്കിലും സാലറി പോലും തന്നില്ല. തുടര്‍ന്ന് തന്നെ ഏജന്‍സിയിലേക്ക് കൊണ്ടു പോയെങ്കിലും ശാരീരകമായി ഉള്‍പ്പെടെ ഉപദ്രവിക്കുന്ന നിലയുണ്ടായി. ആറു ദിവസം ഒരു തുള്ളി വെള്ളം പോലും തന്നില്ല. ബാത്ത് റൂമില്‍ നിന്ന് വെള്ളം കുടിച്ചാണ് കഴിഞ്ഞത്.

കഴിഞ്ഞ ദിവസം മനുഷ്യക്കടത്തിൽപ്പെട്ട് ജനുവരിയിൽ കുവെെറ്റിൽ എത്തിയ മറ്റൊരു മലയാളി യുവതി സഹായം തേടി ഇന്ത്യൻ എംബസിയിൽ എത്തിയിരുന്നു. ജനുവരി 15ന് ആയിരുന്നു യുവതി കുവെെറ്റിൽ ചതിയിൽപ്പെട്ട് എത്തിയത്. ഇപ്പോൾ യുവതി കുവെെറ്റിലെ അഭയ കേന്ദ്രത്തിൽ ആണ് കഴിയുന്നത്. കുവെെറ്റ് വിമാനത്താവളത്തിൽ എത്തിയപ്പോൾ കണ്ണൂർ സ്വദേശി മജീദാണ് തന്നെ കൊണ്ടുപോയതെന്ന് യുവതി പറയുന്നു.
കുവെെറ്റിലെ സ്വദേശിയുടെ വീട്ടിൽ എത്തിച്ച തന്നോട് അവിടെയുള്ള രണ്ട് കുട്ടികളെ നോക്കാൻ ആണ് എന്നാണ് പറഞ്ഞത്. എന്നാൽ അവിടെ ആറ് കുട്ടികൾ ഉണ്ടായിരുന്നു. കൂടാതെ വീട്ടുജോലികൾ ചെയ്യാൻ തന്നെ നിർബന്ധിച്ചു. വീട്ടിലെ ശുചീകരണ ജോലികളും ചെയ്യാൻ അവർ നിർബന്ധിച്ചു. പണം കിട്ടാതെ തന്നെ കേരളത്തിലേക്ക് അയക്കില്ലെന്ന് തന്നെ കൊണ്ടുവന്ന മജീദ് എന്ന വ്യക്തി തന്റെ ഭർത്താവിനെ വിളിച്ചു പറഞ്ഞു. പിന്നീട് പെട്ടെന്ന് പണം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. യുവതി ഇപ്പോൾ ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിൽ സുരക്ഷിതയാണ് രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോകൻ പെട്ടെന്ന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇവർ.