മുഷ്താഖ് അലി ട്രോഫി: സഞ്ജു-സച്ചിൻ കൂട്ടുകെട്ടിന്റെ മികവിൽ കശ്മീരിനെതിരെ കേരളത്തിന് 62 റൺസ് ജയം

മുഷ്താഖ് അലി ട്രോഫിയിൽ കശ്മീരിനെതിരെ കേരളത്തിന് 62 റൺസ് ജയം. തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ഭാരവുമായിറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അർധസെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിൽ തമ്പിയും കെ.എം. ആസിഫും ബൗളിങ്ങിൽ തിളങ്ങി. ഇതോടെ കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്.ഇതോടെ ആറ് കളികളിൽ നിന്ന് കേരളത്തിന് 16 പോയിന്റായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 20 ഓവറിൽ 184/ 4 നേടി. ഫോമിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും സച്ചിന്‍ ബേബിയുടെയും ബാറ്റിങ് മികവിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സഞ്ജു 56 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 61 റണ്‍സ് നേടി. സച്ചിന്‍ ബേബി വെറും 32 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 62 റണ്‍സെടുത്തു. സച്ചിനാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കശ്മീർ ടീം 19 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്താക്കുകയായിരുന്നു. 185 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കശ്മീരിന് ശുഭം ഖജൂരിയയും ഹെനൻ നാസറും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നൽകി കശ്മീർ ബാറ്റർമാർ പവലിയനിലെക്ക് മടങ്ങുകയായിരുന്നു. 30 റണ്‍സെടുത്ത ഖജൂരിയയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത അബ്ദുള്‍ സമദ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.