കന്നഡ നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.ഇന്നലെ രാത്രി മുതല്‍ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് നടന്‍ രാവിലെ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കന്നട സിനിമയിലെ പ്രശസ്തനായ നടൻ രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടൻ ഇതുവരെ 29ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്.
പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി.മോഹൻലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു.യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തിയിരുന്നു.






