മനുഷ്യൻ്റെ വിപരീതാവസ്ഥകളിലാണ് ഹാസ്യം ഒളിഞ്ഞിരിക്കുന്നത് എന്നു പറയാറുണ്ട്. ദുരന്തങ്ങളിൽ ചെന്നു വീഴാത്ത എല്ലാ വിപരീതങ്ങളിലും ഈ ചിരിയുണ്ട്. സൈക്കിൾ ഓടിച്ചു പോകുന്നയാൾ ഉരുണ്ടു വീഴുമ്പോൾ നാം ചിരിക്കുന്നത് അതുകൊണ്ടാണ്. ഹാസ്യം ഒരു പതനമാണ്. ഉയർച്ചയിലല്ല. താഴ്ചയിലും വീഴ്ചയിലുമാണ് ചിരിയുള്ളത്. എന്നാൽ സൈക്കിളോടിക്കുന്നയാൾ ഒരു വണ്ടിക്കടിയിൽ ചെന്നു വീഴുമ്പോൾ നാം ചിരിക്കുന്നില്ല. കാരണം അതൊരു വീഴ്ചയല്ല, ദുരന്തമാണ്. ഹാസ്യത്തിൻ്റെ സൈക്കിൾ ചവിട്ടിയിരുന്ന ഒരാൾ മരണത്തിലേക്ക് വീണുപോയപ്പോൾ നാം ചിരിക്കാത്തത് അതുകൊണ്ടാണ്. ഇനി അയാളില്ല, ഇനി അയാൾ നമ്മെ ചിരിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ഇല്ല. അയാൾ ചിരിപ്പിച്ച കാലമോർത്ത് ഇനി നമ്മൾ വേദനിച്ചു കൊണ്ടിരിക്കും. ചിരിയിൽ ചിരി മാത്രമല്ല, വേദനയുമുണ്ടെന്ന് അവരാണല്ലോ നമ്മളെ പഠിപ്പിച്ചത്.
സിനിമയിലെ ചിരി നാം കണ്ടു പരിചയിച്ചത് ചാർളി ചാപ്ലിനിൻ്റെ സിനിമകളിലാണ്. ജീവിതത്തിൻ്റെ ദയനീയതകളെ അയാൾ ചിരിയുടെ കീറക്കോട്ടു കൊണ്ടു പുതപ്പിച്ചു. മനുഷ്യാവസ്ഥയുടെ പതനങ്ങളെ അയാൾ നർമ്മത്തിൻ്റെ കണ്ണടയിലൂടെ കണ്ടു. നമുക്കതു കാണിച്ചു തന്നു. ആദ്യത്തെ ചിരി കഴിയുമ്പോൾ അത് ചിരിയല്ല, കണ്ണീരാണ് എന്നു നാം കണ്ടു. ചിരിയിൽ കണ്ണീരും കണ്ണീരിൽ ചിരിയും കാണാതെ ഒരു കാഴ്ചയും പൂർണമാവില്ലെന്നു നമുക്കു പറഞ്ഞു തന്നത് ചിരിയുടെ ഈ മഹാരഥൻമാരാണ്. ചിരിച്ചു പാഴാക്കുന്ന സമയത്തിനു പകരം പാഴായിപ്പോകുന്ന സമയത്തെ ചിരിയാക്കി മാറ്റുകയായിരുന്നു അവർ. ചിരി വെറും ചിരിയല്ല, അതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. അതു കൊണ്ടാണ് ചിരിപ്പടങ്ങൾ മാത്രമെടുത്ത ചാപ്ലിൻ അമേരിക്കയിൽ നിന്നു ബഹിഷ്കൃതനാകുന്നത്. അയാൾ ഒരു രാഷ്ട്രീയ കുറ്റവാളി കൂടിയായിരുന്നു. ഹാസ്യം രാഷ്ട്രീയമാകുന്നതിനു പകരം രാഷ്ട്രീയം ഹാസ്യമാകുന്നതാണ് ഒരു രാഷ്ട്രത്തിൻ്റെ ദുരന്തം.
മലയാളത്തിൽ ചിരിയുടെ ഒരു ദീർഘ പാരമ്പര്യമുണ്ട്. കുഞ്ചൻ നമ്പ്യാരിൽ നിന്നു തുടങ്ങിയ ആ പരമ്പര ഒരിക്കലും കണ്ണി മുറിഞ്ഞുപോകാതെ മലയാളി കൊണ്ടു നടന്നു. ചെറുതും വലുതുമായി, പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെയായി അതു മലയാളത്തിൽ ആസകലം പടർന്നു കിടക്കുന്നു. അതുകൊണ്ട് ഒരർഥത്തിൽ മലയാളിയെ ചിരിപ്പിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. കോമാളികൾ ചെയ്യുന്ന സർക്കസ്സിലെ മരവിച്ച ചിരിയല്ല മലയാളിയുടെ ചിരി. അതിന് കരുത്തും കാതലുമുണ്ട്. ആനന്ദിൻ്റെയും ഒ.വി വിജയൻ്റേയും ദാർശനികതയുടെ ഉയരത്തിൽ നിന്ന് ഒരു പടി കൂടി മുകളിൽ കയറി നിന്നു ചിരിക്കുന്ന വി.കെ.എൻ ഉണ്ടാകുന്നത് അങ്ങനെയാണ്. പറഞ്ഞു വരുന്നത് ഒരു പണിയുമില്ലാത്തവന് ചെയ്യാവുന്ന പണിയല്ല ചിരിപ്പിക്കുന്ന പണി. ജീവിതത്തിൻ്റെ ആഴമറിഞ്ഞവനു മാത്രം സാധ്യമാകുന്ന ഒന്നാണത്.

കഴിഞ്ഞ ദിവസം ചിരിയോടും ജീവിതത്തോടും സിനിമയോടും വിടപറഞ്ഞു പോയ മാമുക്കോയ എന്ന മനുഷ്യൻ ജീവിതത്തിൻ്റെ ആഴങ്ങൾ കണ്ട ഒരാളായിരുന്നു. വല എവിടെ എറിയണമെന്ന് നിശ്ചയമുള്ള ഒരാൾ. ജീവിതത്തിൻ്റെ വൈരുദ്ധ്യങ്ങളെ അയാൾ ചിരിയാക്കി മാറ്റി. ഓടിപ്പോകുന്ന സൈക്കിളിനെ അയാൾ മറിച്ചിട്ടു. ജീവിതത്തിൻ്റെ ദയനീയതകളിലൂടെ അയാൾ തുഴഞ്ഞു. മനുഷ്യാവസ്ഥകളെ അടുത്തറിഞ്ഞു. നോവുന്നവനെ ചേർത്തു പിടിച്ചു. അവരെ ചിരി കൊണ്ട് സാന്ത്വനിപ്പിച്ചു. പിരിഞ്ഞു പോകുന്നവരെ സാഹിത്യം കൊണ്ടും കലകൊണ്ടും ചേർത്തുനിർത്തി. അതിരുകൾ മായ്ച്ചു കളഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ രണ്ടിനെ ഒന്നാക്കി മാറ്റി. ചിരി കൊണ്ട് അദ്വൈതം എന്നെഴുതി. ചിരിയെ നിഷ്കളങ്കത എന്നു പരിഭാഷപ്പെടുത്തി.
മാമുക്കോയ സമ്പൂർണമായ ഒരു ഹാസ്യമാണ് എന്ന് ചിലപ്പോൾ തോന്നും. ശരീരത്തിലും ഭാഷയിലും പേരിലും നർമം നിറഞ്ഞ ഒരാൾ. കോഴിക്കോടൻ ഭാഷ കോഴിക്കോടിന് പുറത്ത് ഒരു ഭാഷ മാത്രമല്ല, ഒരു തമാശ കൂടിയാണ്. എല്ലാ ഭാഷാഭേദങ്ങൾക്കും ഈ ദുര്യോഗമുണ്ട്. പരിഹസിക്കപ്പെടാനുള്ള യോഗം. പരിഹാസത്തെ വിദ്വേഷരഹിതമായ ഹാസ്യമാക്കി മാറ്റിയെടുത്തു എന്നതാണ് മാമുക്കോയയുടെ വിജയം. മറ്റൊന്ന് അദ്ദേഹത്തിൻ്റെ ശരീര സൗഭാഗ്യമാണ്. മലയാള സിനിമയിൽ ഇന്ദ്രൻസിനും മാമുക്കോയക്കുമാണ് ആ ഭാഗ്യം സിദ്ധിച്ചത്. മലയാളിയുടെ പിന്നാക്കം നിൽക്കുന്ന പൊതുബോധത്തിലാണ് അതിൻ്റെ സാധ്യതകൾ കിടക്കുന്നത്. അതു കൊണ്ട് വില്ലൻ വേഷത്തിലോ പോലീസ് വേഷത്തിലോ അവരെ കണ്ടപ്പോഴൊക്കെ നാം ചിരിച്ചു. വൈരുദ്ധ്യങ്ങളാണ് ചിലപ്പോൾ ചിരി ഉൽപ്പാദിപ്പിക്കുന്നത് എന്നു പറയുന്നത് അതുകൊണ്ടാണ്. ജീവിതത്തിൻ്റെ ദുര്യോഗങ്ങളെ ചിരി കൊണ്ടു പരിഹരിക്കുന്ന ഒരു പ്രക്രിയ കൂടിയാകണം അത്.
കോയ കോഴിക്കോടിനു മാത്രം അവകാശപ്പെട്ട ഒരു സാമൂഹിക പ്രതിഭാസമാണ്. കോഴിക്കോട്ടെ മുസ്ലിംകളിലെ ഒരു പ്രത്യേക വിഭാഗമാണത്. കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിൽ കാണാത്ത അപൂർവയിനം. മനുഷ്യനെ പൊതുവായി സൂചിപ്പിക്കാനും പിന്നീട് ഈ പദം ഉപയോഗിച്ചു വന്നതായി കാണാം. മുസ്ലിംലീഗ് നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയ കഴിഞ്ഞാൽ പേരുകേട്ട മറ്റൊരു കോയ മാമുക്കോയയായിരുന്നു. മറ്റു ദേശക്കാർക്ക് കോയ എന്ന പദത്തിൽ തന്നെ ഒരു തമാശ തോന്നിയിട്ടുണ്ടാകണം. അല്ലെങ്കിൽ മാമുക്കോയക്കു ശേഷം ആ പദത്തിൽ ഒരു നർമച്ഛായ കലർന്നതുമാകാം. മലയാള സിനിമയിൽ ഇനി മറ്റൊരു കോയ ഉണ്ടാകുമോ എന്നു നമുക്കറിയില്ല. എന്തായാലും ഇതുപോലെ മറ്റൊരു കോയ ഉണ്ടാവുകയില്ല എന്നു നമുക്കുറപ്പിച്ചു പറയാനാകും. വിട പറഞ്ഞു പോകുന്ന പ്രിയപ്പെട്ട കോയാ നിങ്ങളുടെ നിലപാടുകൾക്ക് അഭിവാദ്യങ്ങൾ. നിങ്ങൾ ചിരിപ്പിച്ച നിമിഷങ്ങൾക്കു നന്ദി. ഇടയ്ക്കെങ്കിലും ജീവിതത്തിൻ്റെ ക്ലേശങ്ങൾ മറക്കാൻ സഹായിച്ചതിനു വീണ്ടും നന്ദി.






