തമിഴ് സൂപ്പർ താരം വിജയ്‍യുടെ ഈ വാരം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ബീസ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍. നേരത്തെ കുവൈറ്റും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം മുസ്‍ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും പാകിസ്ഥാനെതിരെ ചില സംഭാഷണങ്ങള്‍ ഉണ്ടെന്നും ആരോപിച്ചായിരുന്നു കുവൈറ്റ് അധികൃതര്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഖത്തറിലെ വിലക്കിന്‍റെ കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ‘ബീസ്റ്റ്’ മറ്റ് ജിസിസി മേഖലയായ യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു.
ട്രെയ്‍ലര്‍ പുറത്തെത്തിയതിനു പിന്നാലെ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്‍ലിം ലീഗും രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഇസ്‍ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു തമിഴ്നാട് മുസ്‍ലിം ലീഗിന്‍റെ ആവശ്യം ഉന്നയിച്ചത്. സംഘടനാ അധ്യക്ഷന്‍ വി എം എസ് മുസ്തഫ തമിഴ്നാട് ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് ഇതു സംബന്ധിച്ച് കത്തും നല്‍കിയിരുന്നു. ബീസ്റ്റ് പ്രദര്‍ശനത്തിന് എത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്. ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്‌സ്‌ലി എന്നിവരോടൊപ്പം റോ ഏജന്റായി വിജയ് ‘ബീസ്റ്റ്’ ചിത്രത്തിൽ എത്തും. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയ്ത മൂന്ന് ഗാനങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.






