സംസ്ഥാനത്ത് കോവിഡ് രോഗികളുടെ സാമ്പിൾ പരിശോധനയിൽ 94 ശതമാനവും ഒമിക്രോൺ കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സർവയലൻസിന്റെ ഭാഗമായി കോവിഡ് രോഗികളുടെ സാമ്പിൾ പരിശോധനയിൽ 94 ശതമാനവും ഒമിക്രോൺ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആറ് ശതമാനം ആളുകളിലാണ് ഡെൽറ്റ കണ്ടെത്തിയത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തിയവരിൽ നടത്തിയ പരിശോധനയിൽ 80 ശതമാനവും ഒമിക്രോണും 20 ശതമാനം ഡെൽറ്റയുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനതല വാർ റൂം ആരംഭിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. ട്രിഗർ മാട്രിക്‌സിന്റെ മോണിറ്ററിംഗ്, ഇൻഫ്രാസ്‌ട്രെക്ചർ ആന്റ് ഒക്യുപ്പൻസി മെറ്റീരിയൽ മാനേജ്‌മെന്റ്, ഡേറ്റ ക്വാളിറ്റി ആന്റ് അനാലിസിസ്, റിപ്പോർട്ടിംഗ് എന്നിവയാണ് വാർ റൂമിന്റെ പ്രധാന ദൗത്യം.

സംസ്ഥാനത്ത് ഐസിയു ഉപയോഗം 2 ശതമാനം കുറഞ്ഞിട്ടുണ്ട്. നിലവിൽ കോവിഡും നോൺ കോവിഡുമായി 40.5 ശതമാനം പേരാണ് ഐസിയുവിൽ ചികിത്സയിലുള്ളത്. 59 ശതമാനത്തോളം ഐസിയു കിടക്കകൾ ഒഴിവുണ്ട്. വെന്റിലേറ്ററിലെ രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 12.5 ശതമാനം പേരാണ് കോവിഡും നോൺ കോവിഡുമായി വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്. 86 ശതമാനം വെന്റിലേറ്ററുകൾ ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഐസിയുവിൽ 8.28 ശതമാനം കോവിഡ് രോഗികളും വെന്റിലേറ്ററിൽ 8.96 ശതമാനം കോവിഡ് രോഗികളും മാത്രമാണുള്ളത്.

ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ ശതമാനം മൂന്നാണ്. 97 ശതമാനം പേർക്കും ഗൃഹ പരിചരണമാണ്. ആശുപത്രി ചികിത്സയ്ക്കും ഗൃഹ പരിചരണത്തിനും തുല്യ പ്രാധാന്യമാണ് നൽകുന്നത്. ഗൃഹപരിചരണത്തിലുള്ളവർ അപായ സൂചനകൾ ശ്രദ്ധിച്ച് കൃത്യമായി ഡോക്ടറുടെ സേവനം തേടണം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും അടിസ്ഥാന സൗകര്യം, കിടക്കകൽ, ഐസിയു, വെന്റിലേറ്റർ എന്നിവ ഓരോ ദിവസവും നിരീക്ഷിക്കുന്നതാണ്. രണ്ടാം തരംഗത്തിൽ പ്രധാന ആശുപത്രികൾ കോവിഡിനായി മാറ്റിവച്ചിരുന്നു.

എന്നാൽ മൂന്നാം തരംഗത്തിൽ കോവിഡ് ചികിത്സയോടൊപ്പം നോൺ കോവിഡ് ചികിത്സയും നൽകണം. നോൺ കോവിഡ് ചികിത്സകൾ നൽകുമ്പോഴും, ഇനിയുള്ള കോവിഡ് രോഗികൾക്കായി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യം ജില്ലകളിൽ ലഭ്യമാണ് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ ഇല്ല എന്നുപറഞ്ഞ് ആർക്കെങ്കിലും ചികിത്സ നിഷേധിച്ചാൽ ശക്തമായ നടപടി തന്നെ സ്വീകരിക്കുന്നതാണ്.

കോവിഡ് സ്വയം പരിശോധന നടത്താതിരിക്കുന്നതാണ് അഭികാമ്യം. പരിചയ കുറവ് കാരണം പലപ്പോഴും തെറ്റിപ്പോകാൻ സാധ്യതയുണ്ട്. മാളുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. മരുന്നില്ല, ചികിത്സാ സൗകര്യങ്ങളില്ല എന്ന് തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു