കോവിഡ് അവസാനിച്ചിട്ടില്ല, ജാഗ്രത തുടരണം; രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാ​ഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്നു നീതി ആയോ​ഗ് അം​ഗം ഡോ. വി.കെ പോൾ യോഗത്തിനുശേഷം നിർദേശിച്ചു. ഇത് വരെ മുൻകരുതൽ ‍ഡോസ് സ്വീകരിക്കാത്തവർ അത് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും പ്രതിരോധപ്രവർ‌ത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കു വെച്ചത്. കോവിഡ് കേസുകൾ കുറവാണെങ്കിലും രോ​ഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച്ച വൈകുന്നേരം ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ റാപ്പി‍ഡ് റെസ്പോൺസ് ടീം യോ​ഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.