രാജ്യത്ത് ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കണ്ടെത്തിയതിനു പിന്നാലെ ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതെ സമയം ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാ​ഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്നു നീതി ആയോ​ഗ് അം​ഗം ഡോ. വി.കെ പോൾ യോഗത്തിനുശേഷം നിർദേശിച്ചു. ഇത് വരെ മുൻകരുതൽ ‍ഡോസ് സ്വീകരിക്കാത്തവർ അത് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.