ഒമിക്രോണിനെ നിസാരവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യസംഘടന

ഒമിക്രോണിനെ നിസാരവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യസംഘടന. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ മാരകമല്ലെങ്കിലും നിസാരവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പുതിയ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം പല രാജ്യങ്ങളിലും മുമ്പ് പിടിമുറുക്കിയിരുന്ന ഡെല്‍റ്റ വേരിയന്റിനെ മറികടന്ന് മുന്നേറുകയാണ്.

ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്ന് തോന്നുമെങ്കിലും അതിനെ നിസാരമായി കണക്കാക്കണമെന്ന് അര്‍ത്ഥമില്ലെന്ന് ടെഡ്രോസ് പറഞ്ഞു. മുന്‍ വകഭേദങ്ങള്‍ പോലെ ഒമിക്രോണ്‍ ബാധിച്ച്‌ ആളുകള്‍ ആശുപത്രിയിലാകുകയും മരിക്കുകയും ചെയ്യുന്നുണ്ട്. വൈറസ് ബാധിതരുടെ സുനാമി വളരെ വലുതും വേഗത്തിലുമാണ് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്നത് എന്നതാണ് വാസ്തവം. കഴിഞ്ഞ ആഴ്‌ച 95 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതായത് മുന്‍ ആഴ്ചയെ അപേക്ഷിച്ച്‌ 71 ശതമാനം വര്‍ധന. കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ആളുകളുടെ മരണത്തിന് കാരണമാകുകയാണെന്നും ഇത് നിസാരമെന്ന് കരുതി തള്ളിക്കളയരുതെന്നും ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.