ഉലകനായകൻ കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് നിർമ്മിച്ച് ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന അമരൻ ഒക്ടോബർ 31 ന് തീയേറ്ററുകളിൽ എത്തും. ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എതിർക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരനിൽ മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്.
2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട മുകുന്ദ്, തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്.
ഭുവൻ അറോറ, രാഹുൽ ബോസ്ശ്രീ, കുമാർ, വികാസ് ബംഗർ തുടങ്ങിയവരോടൊപ്പം മലയാള താരം ശ്യാം മോഹനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സി എച് സായി ആണ്.






