ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന് ചൊവ്വാഴ്‌ച 80ാം പിറന്നാള്‍. രാജ്യമെമ്പാടുനിന്നും താരത്തിന് ആശംസപ്രവാഹം. ബച്ചന് ആദരവായി ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ബച്ചൻ ചലച്ചിത്രമേള സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യകാല സിനിമകള്‍ ഉള്‍പ്പെടുത്തി‘ബച്ചൻ ബാക്ക് ടു ദ ബിഗിനിങ്’ എന്ന പേരിലാണ് മേള. പി.വി.ആര്‍. സിനിമാസുമായി സഹകരിച്ച് ‘ആണ് മേള സംഘടിപ്പിക്കുന്നത്. ബച്ചനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ ഡോണ്‍, കാലാപത്തര്‍, കാലിയ, കബി ന കബി, അമര്‍ അക്ബര്‍ ആന്റണി, ചുപ്‌കേ ചുപ്‌കേ തുടങ്ങിയ 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
വിഖ്യാത കവി ഹരിവംശ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മകനായി 1942ലാണ് ജനനം. ഇരുനൂറോളം ചിത്രത്തിൽ വേഷമിട്ടു.ബോളിവുഡ് അന്നുവരെ കേട്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ. താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ചായിരുന്നു ആ വരവ്. പിന്നീട് സംഭവിക്കാത്തതിന് കാലവും, ചരിത്രവും സാക്ഷി ആണ്. പദ്മശ്രീയും പദ്മഭൂഷനും ,പദ്മവിഭൂഷനും ,ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ച അതുല്യനടൻ..എണ്ണമറ്റ ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും.
രാഷ്ട്രീയ-സാമൂഹ്യ, സിനിമ രംഗത്തെ നിരവധി പേരാണ് ബച്ചന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, രജനികാന്ത്, മോഹൻലാൽ, അക്ഷയ് കുമാർ അടക്കമുള്ള സൂപ്പർ സ്റ്റാറുകൾ ബച്ചന് ആശംസ അറിയിച്ചു,
1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാരംഗത്തെത്തിയത്. ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. 1973ൽ പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലെ വേഷം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. 1975-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഷോലെ’യാണ് അമിതാഭിൻറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാമത്. ഇന്ത്യയുടെ ക്ഷുഭിതനായ യുവാവ്, ബോളിവുഡിലെ ഷഹൻഷാ ,സാദി കാ മഹാനായക് വിശേഷണങ്ങൾ ഏറെയുണ്ട് ഈ മഹാനടന്.
കാണ്ഠഹാർ എന്ന മലയാള ചിത്രത്തിലും അമിതാഭ് ബച്ചൻ വേഷമിട്ടു. മലയാള പരസ്യചിത്രത്തിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തതും കൗതുകമായി.കോൻ ബനേഗ കരോഡ് പതി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ വ്യത്യസ്ത സീസണുകളിൽ ബച്ചൻ തുടർച്ചയായ അവതാരകനാണ്.






