2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് വരുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് വിവരം. ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കായികമന്ത്രി വി അബ്ദുറഹിമാൻ നടത്തിയിരുന്നു. കേരളത്തിൽ രണ്ട് മത്സരങ്ങൾ ടീം കളിക്കും. അര്‍ജന്‍റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേർന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ മത്സരം നടത്താനുള്ള സഹായ ഉറപ്പ് നൽകി, അവരായിരിക്കും സ്‌പോൺസർമാർ.
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കിയത്. അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.
കേരളത്തിൽ ഏറെ ആരാധകരുള്ള ഫുട്ബോൾ ടീമാണ് അർജൻ്റീന. കേരളത്തിലെ ലോകകപ്പ് ആവേശം അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.