തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ; ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാർ ഉടൻ റിലീസ് ചെയ്യില്ല

കോവിഡ് സാഹചര്യത്തിൽ അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും കേരളത്തിൽ ടിപിആർ കുറയുന്നുന്നത് അനുകൂല സാഹചര്യമാണെനന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് തിയറ്ററുകൾ അടക്കം വീണ്ടും അടച്ച് പൂട്ടിയത്. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പിൻവലിക്കുകയാണ്. സ്കൂളുകളും കോളേജുകളും അടക്കം തുറക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ തിയേറ്ററുകളും. വിവാഹങ്ങളടക്കം നടക്കുന്ന ഓഡിറ്റോറിയങ്ങളും തുറക്കുന്നതിൽ അനുകൂല മറുപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. എന്നാൽ അടുത്ത ഘട്ടത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് മന്ത്രി ഇപ്പോൾ അറിയിക്കുന്നത്.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തിയേറ്റർ ഉടമകൾ അനുവഭിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഷൂട്ടിംഗ് പൂർത്തിയാക്കി പ്രദർശനത്തിന് തയ്യാറായിട്ടുള്ള വമ്പൻ സിനിമകൾ നിർമ്മാതാക്കൾക്ക് ഇനിയും ഹോൾഡ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് ഇതുകൊണ്ടുതന്നെ തിയേറ്ററുകൾ തുറന്നേക്കുമെന്ന സിനിമാ മന്ത്രിയുടെ പ്രതികരണം ചലച്ചിത്ര ലോകത്തിന് പുത്തൻ ഉണർവ് നൽകുമെന്നതിൽ സംശയമില്ല.

അതെ സമയം കോവിഡ് ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നാലും മോഹന്‍ലാല്‍ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് വിവരം. തിയേറ്ററുകള്‍ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. ഇത് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് തീരുമാനം. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ, മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചത് വലിയ തിരിച്ചടിയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് റിലീസും നീണ്ടുപോയത്. ചിത്രം ഒ.ടി.ടി. വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്.