ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാം. ഇത് 9-ാം തവണയാണ് സിഎസ്‌കെ ഒരു ഐപിഎല്‍ എഡിഷനിലെ ആദ്യ മത്സരം കളിക്കുന്നത്. എല്ലാ ദിവസത്തെ മത്സരങ്ങളും ഉച്ചകഴിഞ്ഞ് 3:30 ന് ആരംഭിക്കും. രണ്ടാം മത്സരമുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7:30 ന് ആരംഭിക്കും. ആദ്യത്തെ 17 ദിവസം നീണ്ട ഷെഡ്യൂളില്‍ 21 മത്സരങ്ങള്‍ നടക്കും.
അതേ സമയം ആദ്യ 15 ദിവസങ്ങളുടെ മത്സരക്രമം മാത്രമേ ഇന്ന് ബിസിസിഐ പ്രഖ്യാപിക്കൂ. പൊതുതെരഞ്ഞെടുപ്പിന്റെ തീയതികൾ പുറത്ത് വന്നതിന് ശേഷമാകും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂൾ ബിസിസിഐ പുറത്ത് വിടുക. മാർച്ച് 22 മുതൽ മെയ് 26 വരെയാകും ഇക്കുറി ഐപിഎല്ലെന്നാണ് ലഭിക്കുന്ന വിവരം. 74 മത്സരങ്ങളാണ് ലീഗിൽ മൊത്തമുള്ളത്. 67 ദിവസങ്ങളിലായിട്ടാകും ഇക്കുറി മത്സരങ്ങൾ. കഴിഞ്ഞ സീസണിൽ 60 ദിവസങ്ങളിലായിട്ടായിരുന്നു ഐപിഎൽ നടന്നത്. ഏറെ മാറ്റങ്ങളാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. ചില പ്രധാന ടീമുകളിലെ ക്യാപ്റ്റൻസി മാറ്റങ്ങളാണ് ഇതിൽ പ്രധാനം. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെയും ശുഭ്മാൻ ഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെയും ക്യാപ്റ്റനായ ശേഷമുള്ള ആദ്യ സീസണാണ് ഇത്.






