IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് ലേലത്തിൽ സ്വന്തമാക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ദീപക് ചഹാർ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് തനിക്കായി രം​ഗത്തെത്തിയിട്ടും അവസാന നിമിഷം കൈ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി ദീപക് ചഹാർ. “മെ​ഗാലേലത്തിൽ തന്റെ പേര് രണ്ടാം ദിവസമാണ് വിളിച്ചത്. അപ്പോൾ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് തന്നെ സ്വന്തമാക്കാൻ കഴിയില്ലെന്ന് തോന്നിയിരുന്നു. കാരണം അവരുടെ കൈവശം 13 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും ഒമ്പത് കോടി രൂപ വരെ തനിക്കായി ചെന്നൈ വിളിച്ചിരുന്നു.” ദീപക് ചാഹർ സ്പോർട്സ് തക്കിനോട് പ്രതികരിച്ചു. താൻ ചെന്നൈ സൂപ്പർ കിങ്സിൽ‌ എത്തിയപ്പോൾ മുതൽ മഹേന്ദ്ര സിങ് ധോണിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് താൻ ചെന്നൈയിലേക്ക് പോകാൻ ആ​ഗ്രഹിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് വർഷം മുമ്പ് ദീപക് ചെന്നൈയിൽ ചേരുക ആയിരുന്നു. പവർപ്ലേ ഓവറുകളിൽ ശക്തമായ സ്പെല്ലുകൾ നൽകാനുള്ള അദ്ദേഹത്തിൻ്റെ കഴിവ്, ടീമിൻ്റെ ബൗളിംഗ് ആക്രമണത്തിൻ്റെ മൂർച്ച കൂട്ടുകയും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരിക്കുന്നു. ലേലത്തിൽ വന്നപ്പോൾ മുംബൈ ഇന്ത്യൻസ് ആണ് 9.25 കോടി രൂപയ്ക്ക് താരത്തെ ടീമിൽ എത്തിച്ചത്. 2016ലെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ദീപക് ചാഹർ ആദ്യ രണ്ട് സീസണുകളിൽ റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു. പിന്നാലെ 2018 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായി. ഐപിഎല്ലിൽ ഇതുവരെ 81 മത്സരങ്ങൾ കളിച്ച ദീപക് ചാഹർ 77 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

അതെ സമയം പരിക്കുകള്‍ വിടാതെ പിന്തുടര്‍ന്നിട്ടുള്ള കരിയറാണ് ചാഹറിന്റേത്. കഴിഞ്ഞ കുറച്ചു സീസണുകളെടുത്താല്‍ ചഹര്‍ ഭൂരിഭാഗവും കളത്തിനു പുറത്തായിരുന്നു. മുംബൈ കാണിച്ച ഏറ്റവും വലിയ അബദ്ധം ചാഹറിനെ വാങ്ങിയതാണെന്നു നിരീക്ഷിക്കുന്നവരും ഉണ്ട്.