‘വരുവാ… പേ മാതിരി വരുവാ’; ധനുഷ് ചിത്രം ‘രായൻ’ തിയേറ്ററുകളിലേക്ക്

സൗത്ത് ഇന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംവിധായകനായും നടനായും ധനുഷ് വേഷമിടുന്ന ‘രായൻ’ റിലീസിനൊരുങ്ങുകയാണ്. . ധനുഷ് വൻ മേക്കോവറിലാണെത്തുന്നത്. ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഗാനങ്ങളും, ട്രൈലറുമെല്ലാം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. സുന്ദീപ് കിഷൻ, നിത്യ മേനോൻ, അപർണ ബാലമുരളി, കാളിദാസ് ജയറാം, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ തുടങ്ങിയ വൻ താര നിര ആണ് ചിത്രത്തിൽ അണി നിറക്കുന്നത്. ധനുഷിന്റെ കരിയറിലെ അൻപതാമത് ചിത്രം കൂടിയാണ് ‘രായൻ’.

സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആർ റഹ്‌മാൻ ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്, ഒരു റിവഞ്ച് ത്രില്ലർ ആയിരിക്കാം ‘രായൻ’ എന്നാണു നവമാധ്യമങ്ങളിൽ വന്ന നിരീക്ഷണങ്ങൾ. എന്തായാലും ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് അധികം വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്നും ചിത്രം വയലൻസ് നിറഞ്ഞതായിരിക്കുമെന്നും ഉറപ്പ് നൽകുന്നതാണ് ദിവസങ്ങൾക്ക് മുൻപ് അണിയറ പ്രവർത്തകർ പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചനകൾ. ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും.