ഹാര്‍ദിക്കും നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു, ബുദ്ധിമുട്ടേറിയ തീരുമാനമെന്ന് താര ദമ്പതികൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഹാർദിക്ക് പാണ്ഡ്യയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. “നാല് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം നടാഷയും ഞാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങള്‍ നടത്തി. ഈ തീരുമാനം ഞങ്ങള്‍ രണ്ട് പേരുടേയും താല്‍പ്പര്യത്തിന് അനുസരിച്ചാണ്,” ഹാർദിക്ക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഹാർദിക് പാണ്ഡ്യയെയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെയും ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2020 മെയ് ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവർക്കും 3 വയസുള്ള മകനുമുണ്ട്. നടാഷ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് ‘പാണ്ഡ്യ’ എന്ന കുടുംബപ്പേര് നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മലുള്ള ബന്ധത്തിൽ വിള്ളൽ വീണു എന്ന തരത്തിലുളള ഊഹാപോഹങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും, ഹാർദിക്കിൻ്റെയോ നടാഷയുടെയോ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിതീകരണം ഒന്നും വന്നിരുന്നില്ല. അതെ സമയം ഒരുമിച്ച് ആസ്വദിച്ച നിമിഷങ്ങളും പരസ്പരം നല്‍കിയ ബഹുമാനവും സന്തോഷവും പരിഗണിക്കുമ്പോള്‍ ഈ തീരുമാനത്തിലെത്തുക എന്നത് കഠിനമായിരുന്നെന്നും ഹാർദിക്ക് തന്റെ കുറിപ്പിൽ പറയുന്നു. മകൻ അഗസ്ത്യയുടെ സന്തോഷത്തിന് ആവശ്യമായതെല്ലാം ഒരുമിച്ച് ചെയ്യുമെന്നും കുറിപ്പില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രയാസകരമായ നിമിഷത്തില്‍ സ്വകാര്യതയെ മാനിക്കണമെന്നും ഹാർദിക്ക് അഭ്യർഥിച്ചു.

ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് വേണ്ടി ഹർദിക് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഹാർദിക് ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ്.