ബംഗ്ലാദേശിനെതരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 133 റണ്‍സിന്റെ കൂറ്റൻ ജയമാണ് ആതിഥേയർ നേടിയത്. ഇന്ത്യ ഉയർത്തിയ 298 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 164 റണ്‍സാണ് നേടാനായത്. തൗഹിദ് ഹ്രിദോയിയാണ് (63) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 25 പന്തില്‍ 42 റണ്‍സെടുത്ത ലിറ്റണ്‍ ദാസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സെഞ്ചുറി നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തിലാണ് 297 എന്ന സ്കോറിലേക്ക് എത്തിയത്.സൂര്യകുമാര്‍ യാദവും (35 പന്തില്‍ 75) തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചു. ട്വന്റി 20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 22 പന്തുകളില്‍ അര്‍ധ സെഞ്ചറി തികച്ച സഞ്ജു പിന്നീടുള്ള 18 പന്തുകളില്‍ നൂറ് പിന്നിടുകയായിരുന്നു.നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.