പരിക്കൊഴിയാതെ ബ്രസീൽ സൂപ്പർ താരം നെയ്മർ; മൂന്ന് മാസത്തോളം കളിക്കാനാവില്ല

പരിക്കേറ്റ് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ആഴ്ച തിരിച്ചുവന്ന നെയ്മറിന് വീണ്ടും മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരിക്ക് വില്ലനായതോടെയാണ് വീണ്ടും നെയ്മറിന് വിശ്രമം അനിവാര്യമായത്. നെയ്മറിന് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് അൽ ഹിലാൽ ക്ലബും സ്ഥിരീകരിച്ചു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മറിന് പരിക്കേറ്റിരുന്നത്. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അതേസമയം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗ്ലല്‍ എഫ്സിയെ അല്‍ ഹിലാല്‍ തോല്‍പ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടര്‍ മിട്രോവിച്ച് ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍.

കേവലം ഏഴ് മത്സരങ്ങൾ മാത്രമാണ് നെയ്മർ ക്ലബിന് വേണ്ടി കളിച്ചിട്ടുള്ളത്. പരിക്ക് മൂലം ഇനിയും ജനുവരി വരെ അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും. ഇക്കാര്യത്തിൽ അൽ ഹിലാൽ ടീം മാനേജ്മെന്റിന് നെയ്മറിന്റെ കാര്യത്തിൽ ക്ഷമ നശിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ താരത്തിന്റെ കരാർ അവസാനിപ്പിച്ചെക്കും എന്ന റൂമറുകൾ ശക്തമായി നില നിൽക്കുന്നുണ്ട്.