ബുമ്രക്കെതിരെ വംശീയ പരാമര്‍ശം, പരസ്യമായി മാപ്പു പറഞ്ഞ് ഇംഗ്ലണ്ട് അവതാരക ഇസ ഗുഹ

ഹർഭജൻ സിങ്ങും ആൻഡ്രൂ സൈമൺസും തമ്മിലുള്ള മങ്കി ഗേറ്റ് വിവാദത്തിനു ശേഷം ലോക ക്രിക്കറ്റിൽ വീണ്ടും വംശീയ പരാമർശം ചർച്ചയാകുന്നു. ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ നടത്തിയ വംശീയ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുമ്പോൾ, ബുംറയോട് മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരവും അവതാരകയുമായ ഇസ ഗുഹ.

ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ബുമ്രയെ ഏറ്റവും വിലപിടിപ്പുള്ള പ്രൈമേറ്റ്(വാലില്ലാത്ത ആള്‍ക്കുരങ്ങ്) എന്നായിരുന്നു ഇസ ഗുഹ വിശേഷിപ്പിച്ചത്. ബുമ്രയെ പ്രകീര്‍ത്തിച്ച് പറഞ്ഞതാണെങ്കിലും ഇത് വംശീയ പരാമര്‍ശമാണെന്ന ആരോപണം ഉയരുകയും പരാമര്‍ശം വന്‍വിദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇസ ഗുഹ ലൈവില്‍ വന്ന് മാപ്പു പറഞ്ഞത്. ഇന്ന് രാവിലെ ഫോക്സ് ക്രിക്കറ്റിന്‍റെ കമന്‍ററിക്കെത്തിയ ഇസ ഗുഹ, ഇന്നലെ കമന്‍ററിക്കിടെ താന്‍ നടത്തിയ പരാമര്‍ശം മോശമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടെന്നും താന്‍ നടത്തിയ പരാമര്‍ശത്തിന് മാപ്പുപറയുന്നുവെന്നും വ്യക്തമാക്കി.

ഏറ്റവും വിലപിടിപ്പുള്ള ആള്‍ക്കുരങ്ങാണ് ബുമ്ര, ഈ ടെസ്റ്റ് പരമ്പരക്ക് മുമ്പ് അവനെക്കുറിച്ച് ആളുകള്‍ ഇത്രയധികം സംസാരിക്കുന്നതും അവന്‍റെ കായികക്ഷമതയിലേക്ക് ഉറ്റുനോക്കിയതും വെറുതെയല്ല. പക്ഷെ ഗ്രൗണ്ടില്‍ അവനെ പിന്തുണക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണമെന്നായിരുന്നു ഇസ ഗുഹ പറഞ്ഞത്.