ദുല്‍ഖറിന്റെ ‘കുറുപ്പ്’ നവംബര്‍ 12ന് 450 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും, രണ്ടാഴ്ച ഫ്രീറണ്‍ നല്‍കുമെന്ന് ഫിയോക്

ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്ന ‘കുറുപ്പ്’ സിനിമ നവംബര്‍ 12ന് കേരളത്തിലെ തീയറ്ററുകളിലും മള്‍ടിപ്ലെക്‌സുകളിലുമായി 450 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. നേരത്തെ ഒ ടി ടി റിലീസിന് കരാറുണ്ടാക്കിയ ചിത്രം പിന്നീട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം തീയറ്റര്‍ റിലീസിന് തീരുമാനിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും ചെലവേറിയ സിനിമയായ കുറുപ്പ് ഇന്നത്തെ സാഹചര്യത്തില്‍ തീയറ്റര്‍ റിലീസ് ചെയ്യുന്നതില്‍ വലിയ റിസ്‌കുണ്ടെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ആ റിസ്‌ക് ഏറ്റെടുത്തിരിക്കുന്നതെന്ന് നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ പങ്കാളിയായ എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സാരഥി അനീഷ് മോഹനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിനിമയില്‍ സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബവുമായി സിനിമയ്ക്കുമുമ്പും ശേഷവും സംസാരിച്ച്, അനുമതി വാങ്ങിയിരുന്നെന്നും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു. ചാക്കോയുടെ മകന്‍ സിനിമ കണ്ട് സംതൃപ്തി പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഫിയോക് സെക്രട്ടറി സുമേഷ് ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കുറുപ്പിന് തീയറ്ററുകള്‍ രണ്ടാഴ്ച ഫ്രീ റണ്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു. ദുല്‍ഖറിന്റെ സിനിമയെ വരവേല്‍ക്കാന്‍ കേരളത്തിലെ തീയറ്ററുകള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പ്രേക്ഷകര്‍ ഈ സിനിമ ഏറ്റെടുത്ത് വന്‍വിജയമാക്കുമെന്നാണ് പ്രതീക്ഷ. യാതൊരു ഉപാധികളും മുന്നോട്ടുവെക്കാതെയാണ് കുറുപ്പിന്റെ നിര്‍മാതാക്കള്‍ തീയറ്റര്‍ റിലീസിന് തയ്യാറായത്. ഒ ടി ടി റിലീസിന് കരാര്‍ ഒപ്പിട്ട ചിത്രം തീയറ്റര്‍ റിലീസിന് നല്‍കിയ മമ്മൂട്ടിയുടെ മാതൃക ദുല്‍ഖറും ഭാവിയില്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.