ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ എത്തിയതും അമ്മയിൽ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.
ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതിൽ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.