പുലിമുരുകൻ ടീം വീണ്ടും; മോൺസ്റ്ററിന്റെ ഷൂട്ടിംഗ് തുടരുന്നു

പ്രേക്ഷകര്‍ ഏവരും കാത്തിരിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍’ ഷൂട്ടിംഗ് തുടരുകയാണ്. ‘പുലിമുരുകൻ’ ടീം വീണ്ടും ഒന്നിക്കുന്നുവെന്നതിന്റെ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് ‘മോണ്‍സ്റ്ററില്‍’ മോഹൻലാല്‍ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹൻലാല്‍ കഥാപാത്രത്തിന്റെ ലുക്കുമായി പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംഘട്ടനം സ്റ്റണ്ട് സില്‍വയാണ്. ഷാജി നടുവില്‍ ആര്‍ട്ട്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കല്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. അതേസമയം, നിരവധി ചിത്രങ്ങളാണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ളത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആദ്യം പുറത്തിറങ്ങാനുള്ള ചിത്രം. അതിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട്, ഷാജി കൈലാസ് ചിത്രം എലോണ്‍, ജീത്തു ജോസഫിന്റെ ട്വില്‍ത്ത് മാന്‍ തുടങ്ങിയവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.