അരുൺ മാതേശ്വരൻ- ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലെര്‍’, പൂജാ ചടങ്ങുകളോടെ തുടക്കമായി

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലെര്‍’ പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷനും ധനുഷിനൊപ്പം ‘ക്യാപ്റ്റൻ മില്ലെര്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രിയങ്ക മോഹൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സത്യജ്യോതി ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

മലയാളി താരം മൂർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മൂറിന്, കള എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മൂറിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ക്യാപ്റ്റൻ മില്ലെര്‍. ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണയും, കലാസംവിധാനം ടി രാമലിംഗവും ആണ് നിർവഹിക്കുന്നത്. മദൻ കാർക്കിയും പൂർണ്ണ രാമസ്വാമിയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. കാവ്യ ശ്രീറാം വസ്ത്രാലങ്കാരം.

സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന സംവിധാനത്തിലുള്ള ‘നാനേ വരുവേൻ’ ആണ് ധനുഷിന്റേതായി ഇനി റിലീസ് ചെയാനുള്ള ചിത്രം. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്.