ആസിഫ് ആലി- രാജീവ് രവി കൂട്ടുകെട്ടിൽ ‘കുറ്റവും ശിക്ഷയും’; റിലീസ് തിയതി

രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 27ന് തിയേറ്ററുകളില്‍ എത്തും. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, രാജാമണി, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഏറ്റവുമധികം യാഥാര്‍ഥ്യത്തോടടുടുത്തു നില്‍ക്കുന്ന ഒരു പൊലീസ് സ്റ്റോറി എന്ന നിലയിലാണ് ‘കുറ്റവും ശിക്ഷയും’ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കാസര്‍ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

കേരളവും രാജസ്ഥാനും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് 2020ലാണ്. കൊവിഡ് കാരണമാണ് ചിത്രീകരണം ഇത്രയും നീണ്ടത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.