കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു

ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകുന്നത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം ഒമിക്രോൺ പശ്ചാതലത്തിൽ രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1987ല്‍ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടര്‍ന്ന് വിറ്റ്‌നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ല്‍ ‘ദേവാസുരം’ എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ ഒരു വഴിത്തിരിവായി മാറി. സിനിമയും അതിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രവും മലയാള സിനിമയിലെ തന്നെ ക്ലാസ്സിക്ക് സ്ഥാനം നേടി. തുടര്‍ന്ന് ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം, നരസിംഹം, വല്യേട്ടന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു. 2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകന്റെ തൊപ്പിയും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. മോഹന്‍ലാല്‍ നായകനായ ഡ്രാമയാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിരവധി തവണ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നടന്‍ എന്ന നിലയിലും തന്റേതായ പ്രതിഭ തെളിയിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങിയ സിനിമകള്‍ ആദത്തിന്റെ അഭിനയമികവിന്റെ തെളിവാണ്. ഭീഷ്മപര്‍വ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.