ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിലെ രക്ഷകരുടെ കഥ വെബ് സീരീസാകുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ കഥ പറയുന്ന സീരിസ് ‘ദ റെയില്‍വേ മാനി’ല്‍ ആര്‍ മാധവനാണ് പ്രധാന ഒരു കഥാപാത്രമായി എത്തുന്നത്. ഇര്‍ഫാൻ ഖാന്റെ മകൻ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ മുപ്പത്തിയേഴാം വാര്‍ഷികമാണ് ഇന്ന്. കഴിഞ്ഞ ദിവസമാണ് സീരീസിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ശിവ് റവെയ്‍ലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശിവ റവെയ്‍ലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് ഇത്.
പ്രമുഖ ഇന്ത്യൻ സിനിമ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തം സീരിസ് ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ സ്‍ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആര്‍എഫ് എന്റര്‍ടെയ്‍ൻമെന്റ് ആണ് നിര്‍മാണം. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ജനങ്ങളെ രക്ഷിച്ച് ഹീറോ ആയവരെ കുറിച്ച് വിശ്വസനീയമായി സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതര്‍ പറയുന്നു. അവരില്‍ പലരെയും ഇന്നും ലോകത്തിന് അറിയില്ലെന്നും യാഷ് രാജ് ഫിലിംസ് പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്നാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തെ വിശേഷിപ്പിക്കുന്നത്. 1984 ഡിസംബര്‍ രണ്ടിന് അര്‍ത്ഥരാത്രി ഭോപ്പാല്‍ നഗരത്തെ വിഴുങ്ങിയ വിഷപ്പുക ആ രാത്രി തന്നെ ആയിരത്തോളംപേരെ കൊന്നു. ഉറങ്ങാന്‍ കിടന്നവര്‍ പിന്നെ ഉണര്‍ന്നില്ല. 1984 ഡിസംബര്‍ 2 ന് രാത്രി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുര്‍ന്ന് വാതകം അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.
സീരീസ് അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത്, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോൻ എന്ന കൃഷ്‍ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലുണ്ട്.






