ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി പോർച്ചുഗലും, സെനഗലും; സ്വീഡനും ഈജിപ്‍ത്തും പുറത്ത്

ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് ഫൈനൽ മത്സരത്തിൽ നോർത്ത് മാസിഡോണിയയെ വീഴ്ത്തി പോർച്ചുഗൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം കരസ്ഥമാക്കിയാണ് പോർച്ചുഗൽ 2022 ഖത്തർ ലോകകപ്പിന് യോഗ്യത നേടിയത്. പോർച്ചുഗലിന്റെ രണ്ട് ഗോളും ബ്രൂണോ ഫെർണാണ്ടസിന്റെ വകയായിരുന്നു.

ഇറ്റലിയെ വീഴ്ത്തി പ്ലേ ഓഫ് ഫൈനലിന് എത്തിയ നോർത്ത് മാസിഡോണിയക്കെതിരെ മത്സരത്തിന്റെ 32ആം മിനുറ്റിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. നോർത്ത് മാസിഡോണിയ നായകൻ സ്റ്റെഫാൻ റിസ്‌റ്റോവ്സ്കിയുടെ പിഴവാണ് ബ്രൂണോയുടെ ഗോളിന് വഴിവെച്ചത്. റിസ്‌റ്റോവ്സ്കിയുടെ പിന്നിലോട്ടുള്ള പാസ് പിടിച്ചെടുത്ത ബ്രൂണോ പന്ത് റൊണാൾഡോക്ക് നൽകുകയും, പോർച്ചുഗീസ് നായകന്റെ റിട്ടേൺ പാസിൽ നിന്ന് വലകുലുക്കുകയുമായിരുന്നു. 65ആം മിനുറ്റിൽ ബ്രൂണോയിലൂടെ പോർച്ചുഗൽ തങ്ങളുടെ രണ്ടാം ഗോളും നേടി. പെപെയുടെ ഒരു മികച്ച ടാക്കിളിൽ നിന്ന് തുടങ്ങിയ പ്രത്യാക്രമണത്തിൽ നിന്നാണ് ബ്രൂണോ വീണ്ടും നോർത്ത് മാസിഡോണിയൻ വലകുലുക്കിയത്. ഡിയഗോ ജോട്ടയായിരുന്നു ഗോളിന് അസിസ്റ്റ് നൽകിയത്.

പ്ലെ ഓഫ് രണ്ടാം പാദത്തില്‍ ഈജിപ്തിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ തോല്‍പ്പിച്ചു ആണ് സെനഗല്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ഫൈനല്‍ ആവര്‍ത്തനത്തില്‍ വീണ്ടും പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ഈജിപ്തിന് കണ്ണീര്‍. രണ്ട് പാദങ്ങളിലും ഓരോ ഗോള്‍ നേടി മല്‍സരം സമനിലയിലാവുകയായിരുന്നു. ഗോള്‍ രഹിത സമനിലയിലേക്ക് ശേഷം ഇന്ന് മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിലാണ് സെനഗല്‍ സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-1ന് ജയം സെനഗലിനെ തുണയ്ക്കുകയായിരുന്നു. ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ പെനാല്‍റ്റി പുറത്തേക്കടിച്ചു.