എ സർട്ടിഫിക്കറ്റുമായി മഞ്ജു വാര്യർ- സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’ തിയേറ്ററുകളിലേക്ക്

മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഫൂട്ടേജ്’ റിലീസിനൊരുങ്ങുകയാണ്. എ സെർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മായാനദി, അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷിനോസാണ്. ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരൻ തന്നെയാണ്. നേരത്തെ ചിത്രത്തിന്‍റെതായി പുറത്തുവന്ന വിശാഖ് നായർ, ഗായത്രി അശോക് എന്നിവരുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു.