സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പാലേരി തിരക്കഥയെഴുതിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സിനിമയായിരുന്നു. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ ചിത്രം പിന്നീട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം 4K റീമാസ്റ്റേർഡ് വേർഷനോട് കൂടി ജൂലൈ 26 – നു തിയേറ്ററുകളിൽ എത്തുകയാണ്.
സിനിമയാകുന്നതിന് ഒരുപാട് കാലം മുൻപ് എഴുതിയ ദേവദൂതന്റെ കഥയിൽ അന്ധനായ യുവാവായി ആലോചിച്ചത് നസീറുദ്ദീൻ ഷായെ ആയിരുന്നു എന്ന് സംവിധായകൻ സിബി മലയിൽ. നായികയായി ആലോചിച്ചത് മാധവിയെ ആയിരുന്നു എന്നും സിബി മലയിൽ പറഞ്ഞു. അന്ന് ആ രീതിയിൽ സിനിമ ഇറങ്ങാതെ ഇരുന്നതിൽ നവോദയ അപ്പച്ചൻ എന്ന നിർമ്മാതാവിന്റെ ദീർഘവീക്ഷണമുണ്ടായിരുന്നു എന്നും 2000 ത്തിലെ ആളുകൾ തള്ളിക്കളഞ്ഞ സിനിമ അതിനും മുൻപ് ഇറങ്ങിയിരുന്നെങ്കിലുള്ള അവസ്ഥ ഇന്ന് ആലോചിക്കുമ്പോൾ ഭയപ്പെടുത്തുന്നുണ്ട് എന്നും ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു.






