ഹീറോയിക് നായകവേഷങ്ങൾ കൂടുതലായി എടുത്തിരുന്ന മമ്മൂട്ടി ഇന്ന് ഒരുപാട് മാറി, ഇരുപതാം നൂറ്റാണ്ടിന്റെ വിജയത്തിന് പിന്നിൽ : എസ് എൻ സ്വാമി മനസ്സ് തുറക്കുന്നു

ഹീറോയിക് നായകവേഷങ്ങൾ കൂടുതലായി ചെയ്തിരുന്ന മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് ഒരുപാട് മാറിയെന്നും, ഇന്ന് അദ്ദേഹം കാലത്തിന്റെ മാറ്റം അനുസരിച്ചുളള മാറ്റങ്ങൾ തന്റെ കഥാപാത്രത്തിനും വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട് എന്നും പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ എസ് എൻ സ്വാമി. കള്ളനെ നല്ലവനാക്കുന്ന സിനിമാറ്റിക് ​ഗിമ്മിക്സ് താൻ പല സിനിമകളിലും പ്രയോ​ഗിച്ചിട്ടുണ്ട്. ആന്റി സോഷ്യലായുളള ആളുകൾ, കള്ളക്കടത്തുകാർ, കൊള്ളക്കാർ, റൗഡികൾ ഇവരോടൊക്കെ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ മിടുക്കാണ് ഇന്നത്തെ കാലത്ത് മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമുൾപ്പടെയുളളവർ കൃത്യമായ ഫ്രെയിംവർക്കിനുള്ളിൽ നിന്നുകൊണ്ട് ഹീറോയിസം കാണിക്കുന്നതിനേക്കാൾ കുറച്ചുകൂടി നാച്ച്വറലും ഓർ​ഗാനിക്കുമായ കഥാപാത്രങ്ങളെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഹീറോയിക് നായകവേഷങ്ങൾ കൂടുതലായി എടുത്തിരുന്ന മമ്മൂട്ടി ഇന്ന് ഒരുപാട് മാറി എന്നും ഇന്ന് അദ്ദേഹം കാലത്തിന്റെ മാറ്റം അനുസരിച്ചുളള മാറ്റങ്ങൾ തന്റെ കഥാപാത്രത്തിനും വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട് എന്നും ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ എസ് എൻ സ്വാമി പറഞ്ഞു.

ഭ്രമയു​ഗത്തിലെ മമ്മൂട്ടി ഭൂലോക വില്ലനാണ്. പടം നല്ല വിജയമായിരുന്നു. ഒരു നെ​ഗറ്റീവ് കഥാപാത്രം ചെയ്തതുകൊണ്ട് മമ്മൂട്ടി വെറുക്കപ്പെടുന്നില്ല. പടം വിജയമാകാതിരിക്കുന്നുമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളനെ പ്രേക്ഷകപ്രിയ നായകനാക്കുന്ന സിനിമാറ്റിക് ​ഗിമ്മിക്സാണ് പല സിനിമകളിലും താൻ പ്രയോഗിച്ചതെന്നും എസ് എൻ സ്വാമി പറഞ്ഞു . അധോലോക നായകനായ സാ​ഗർ ഏലിയാസ് ജാക്കിയോട് യുവാക്കൾക്ക് ആരാധന തോന്നിയതും എഴുത്തിൽ ഉപയോ​ഗിച്ച ​ഗിമ്മിക്കുകളുടെ ഫലമാണ്. അന്നത്തെ നായക സങ്കൽപ്പമാണ് തന്നെ അങ്ങനെ എഴുതാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമാകുന്ന ‘സീക്രട്ട്’ എന്ന ആദ്യ സംവിധാന സംരംഭം തിയറ്ററുകളില്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് എസ് എന്‍ സ്വാമി. സീക്രട്ടിൽ ധ്യാൻ ശ്രീനിവാസനൊപ്പം അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എൻ സ്വാമിയുടേത് തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും. ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി.