സ്പൈഡർമാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് സ്പൈഡർമാൻ നോ വേ ഹോം. സ്‍പൈഡര്‍ മാൻ നോ വേ ഹോമിന്റെ ഫോട്ടോകൾ, ട്രെയ്‌ലർ, ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ടോം ഹോളണ്ട് തന്നെയാണ് സ്‍പൈഡര്‍മാനായി വേഷമിടുന്നത്. ജോണ് വാട്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്, എറിക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സ്‍പൈഡര്‍മാന്റെ അതിസാഹസികമായ ജീവിതം തന്നെയാണ് പുതിയ ചിത്രത്തിലും പറയുന്നത്. സ്‍പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി സ്‍പൈഡര്‍ മാൻ നോ വേ ഹോമിലും സെൻഡേയ തന്നെ എത്തുന്നു. മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്‍സ് റിലീസിംഗാണ് വിതരണം.
സ്പൈഡർമാൻ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നതാണ് ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ ട്രെയിലറിൽ കണ്ടത്. ഗ്രീൻ ഗോബ്ലിൻ, ഒട്ടോ ഒക്റ്റേവിയസ്, സാൻഡ്‌മാൻ, ഇലക്ട്രോ, ദി ലിസാർഡ് എന്നിവരൊക്കെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് മൂന്ന് സ്പൈഡർമാനും ഈ സിനിമയിൽ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം, സ്‍പൈഡര്‍മാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ സ്‍പൈഡര്‍മാൻ സിനിമകള്‍.






