ഐസിസിയുടെ ജൂൺ മാസത്തിലെ മികച്ച പുരുഷ/ സ്ത്രീ താരങ്ങൾക്കുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും, വനിതാ ടീമിന്റെ ഓപണർ സ്മൃതി മന്ദാനയുമാണ് ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ മന്തായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് ഒരു രാജ്യം ഒരേ മാസത്തെ ഐസിസിയുടെ പുരുഷ-വനിതാ പുരസ്‌കാരങ്ങള്‍ നേടുന്നത്.
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചതാണ് ബുംറയ്ക്ക് തുണയായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരെ മറികടന്നാണ് ബുംറ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 8.26 ശരാശരിയിലും 4.17 ഇക്കോണമിയിലുമായി 15 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ ടി 20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള കിടിലൻ ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് സ്മൃതി സ്മൃതി മന്ദാനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ച്വറികളാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. ഒരു മത്സരത്തിൽ 10 രൺസകലെ മാത്രമാണ് സ്മൃതിക്ക് സെഞ്ച്വറി നഷ്ടമായത്. ശ്രീലങ്കൻ ക്രിക്കറ്റർ വിഷ്മി ഗുണരത്‌നെയെയും ഇംഗ്ലണ്ടിൻ്റെ മയ ബൗച്ചിയറെയും പിന്നിലാക്കിയാണ് സ്മൃതി മന്ദാനയുടെ അവാർഡ് നേട്ടം.






