ത്രില്ലിംഗ് ക്‌ളൈമാക്‌സിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

അപ്രതീക്ഷിത ട്വിസ്റ്റിലൂടെ മണിക്കൂറുകൾ ക്ലബ് ഫുട്ബാൾ ലോകത്തെ അതികായകരായ രണ്ടു ഫുട്ബാൾ ടീം ആരാധകരെ മുൾമുനയിൽ നിർത്തി കൊണ്ട് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ.
റൊണാള്‍ഡോ ക്ലബ്ബിലേക്ക് എത്തുന്ന കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ക്ലബ്, യുവന്റസുമായി ധാരണയിലെത്തിയെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍. യുവന്റസുമായുള്ള കരാര്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് താരത്തിന്റെ ക്ലബ് മാറ്റം.

3 വർഷത്തിന് ശേഷം ജുവെന്റസ് വിട്ട് മറ്റൊരു കൂടാരത്തിലേക്ക് ചേക്കേറാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ,താരത്തിന്റെ മുൻ ക്ലബ് ആയ റിയൽ മാഡ്രിഡിലേക്കും ശേഷം മാഞ്ചസ്റ്റർ സിറ്റിയിയിലേക്കും ചേക്കേറാൻ ആണ് കൂടുതൽ സാധ്യത എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവം ആയി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ യുവെന്റസ് വിടുമെന്ന് ഉറപ്പായതു മുതൽ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നത്. സിറ്റി താരത്തിനായുള്ള ശ്രമം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് അധികം വൈകും മുൻപാണ് യുണൈറ്റഡ് രംഗത്തിറങ്ങിയത്.