വനിത ടി20 ലോകകപ്പ് സമ്മാനത്തുക; കോടികൾ വാരി ന്യൂസീലാൻഡ് വനിതാ ടീം

വനിതാ ടി20 ലോകകപ്പിലെ കന്നി കിരീട നേട്ടം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് വനിതകള്‍ക്ക് കോടികളുടെ സമ്മാനത്തുക. പുരുഷ – വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കാന്‍ ഐസിസി തീരുമാനിച്ചിരുന്നു. 19.6 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി ലഭിച്ചത്. (2.34 മില്യണ്‍ യു.എസ്. ഡോളര്‍)കഴിഞ്ഞ തവണ അത് 9.8 കോടിയായിരുന്നു. അതിന്റെ ഇരട്ടിയാണ് ഇത്തവണ ഐസിസി നല്‍കിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപ ലഭിക്കും.

ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 32 റൺസിന് വീഴ്ത്തിയാണ് സോഫി ഡിവൈൻ നയിച്ച ന്യൂസിലൻഡ് വിജയം ചൂടിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറുകളിൽ 158/5 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 126/9 ൽ ഒതുങ്ങി. ടി20 ലോകകപ്പ് ഫൈനൽ ദക്ഷിണാഫ്രിക്കയുടെ കണ്ണീർ വേദിയാകുന്നത് ഈ വർഷം ഇത് രണ്ടാം തവണയാണ്. നേരത്തെ പുരുഷ ടി20 ലോകകപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്ക പരാജയം രുചിച്ചിരുന്നു. അന്ന് ഇന്ത്യയോടായിരുന്നു അവരുടെ തോൽവി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസിന് വേണ്ടി അമേലിയ കെറാണ് ടോപ് സ്കോററായത്. 38 പന്തുകളിൽ 43 റൺസ് താരം നേടി. ഓപ്പണർ സൂസി ബേറ്റ്സ് 32 റൺസും, ബ്രൂക്ക് ഹല്ലിഡേ 38 റൺസുമെടുത്ത് തിളങ്ങി. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലോറ വോൾവാട്ടിന് മാത്രമാണ് തിളങ്ങാൻ സാധിച്ചത്. ക്യാപ്റ്റൻ കൂടിയായ താരം 27 പന്തിൽ 33 റൺസായിരുന്നു സ്കോർ ചെയ്തത്.