സാവി ഹെര്‍ണാണ്ടസിനു പകരം ബാഴ്‌സലോണയുടെ പുതിയ കോച്ചായി ഹാന്‍സി ഫ്‌ലിക്ക് ചുമതലയേറ്റു. . മുന്‍ ജര്‍മന്‍ താരവുമായി കരാറില്‍ ഒപ്പുവെച്ചതായി ബാഴ്‌സലോണ മാനേജ്‌മെന്റ് അറിയിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ജര്‍മ്മന്‍ ദേശീയ ടീമിന്റെയും, ബയേണ്‍ മ്യൂണികിന്റെയും മുന്‍ പരിശീലകനാണ് 59കാരനായ ഹാന്‍സി ഫ്ലിക്ക്. ബയേണ്‍ മ്യൂണിക്കിന് നിരവധി കിരീടങ്ങള്‍ സമ്മാനിച്ച കോച്ച് കൂടിയാണ് ഹാന്‍സി ഫ്‌ലിക്ക്. ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് സാവിയെ ക്ലബ് പുറത്താക്കിയത്.
ഇതിനിടെ പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് മുന്നറിയിപ്പുമായി പുറത്താക്കപ്പെട്ട സാവി ഹെര്‍ണാണ്ടസ് രംഗത്തെത്തി. ബാഴ്‌സയില്‍ ഫ്‌ലിക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ ആണെന്നും അതിജീവനം ദുഷ്‌കരമായിരിക്കും എന്നുമാണ് സാവിയുടെ മുന്നറിയിപ്പ്. 2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണില്‍ ബാഴ്സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ സീസണിൽ സാവിക്ക് കീഴിൽ റയല്‍ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാകാനെ സ്പാനിഷ് വമ്പന്മാര്‍ക്ക് കഴിഞ്ഞുള്ളു. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ തോറ്റു പുറത്താവുകയും ചെയ്തു.
ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുന്ന ഹാൻസി ഫ്ലിക്കിന്റെ നിയമനത്തിലൂടെ ബാഴ്സ മാനേജ്‌മെന്റ് ലക്‌ഷ്യം വെക്കുന്നത്.






