ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്‌കറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകര്‍ക്ക് ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന തരത്തിലാണ് ട്രെയിലര്‍. “ഇവിടെ പണം കൊടുത്താല്‍ എന്തും കിട്ടും എന്നാല്‍ റെസ്‌പെക്‌റ്റ് കിട്ടണമെങ്കില്‍ നമ്മുടെ കയ്യില്‍ പണമുണ്ടെന്ന് നാലാളറിയണം” എന്ന പഞ്ച് ഡയലോഗ് ആണ് ട്രൈലറിന്റെ ഹൈലൈറ്റ്. അപ്രതീക്ഷിതമായി ലഭിക്കുന്ന പണവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വെങ്കി അറ്റ്ലൂരിയാണ്, 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ രചിച്ചു സംവിധാനം ചെയ്തത്. സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം കൈകാര്യം ചെയ്യും. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ. ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.





