വർഷങ്ങൾക്കുശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂർവം. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ നടിയായിരുന്ന സംഗീത ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ‘ചാവേറി’ലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. ഹൃദയപൂർവ്വത്തിലും സംഗീത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കു വെച്ചിരിക്കുകയാണ് താരം.
“ഹൃദയപൂർവത്തിൽ എന്റെ ക്യാരക്ടർ മുംബൈയിലെ ഒരു മോഡേൺ ക്യാരക്ടറാണ്. സത്യൻ സാർ ഇത്രമാത്രമേ എന്നോട് പറഞ്ഞുള്ളൂ. സത്യൻ സാറിന്റെ കൂടെ വർക്ക് ചെയ്യുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഇത് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. മുൻപ് അദ്ദേഹത്തിന്റെ ഒരു സിനിമ ഞാൻ ചെയ്യേണ്ടിയിരുന്നതായിരുന്നു. പക്ഷേ അവസാന നിമിഷം അത് ക്യാൻസലായി. പിന്നീട് ഹൃദയപൂർവത്തിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു.” സംഗീത പറഞ്ഞു.
32 വർഷത്തിന് ശേഷം സൂപ്പർ തരാം മോഹൻലാലുമായി ഒരുമിക്കുന്നതിന്റെ സന്തോഷവും അവർ പങ്കു വെച്ചു. “നാടോടിയിലാണ് ഞാൻ ലാലേട്ടനെ ആദ്യമായി കാണുന്നത്. അതിന് ശേഷം പുള്ളിയെ കാണുന്നത് ഇപ്പോഴാണ്.” സംഗീത പറഞ്ഞു. ശ്രീനിവാസൻ ചിത്രം ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംഗീത വാഴുന്നോർ, ക്രൈം ഫയൽ, മന്ത്രികുമാരൻ, ജയം, യാരാ നീ അഭിമാനി അടക്കം മുപ്പതിലധികം തമിഴ്- മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പൂനെയും കേരളവുമാണ് ഹൃദയപൂർവത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സോനു ടി പി എന്ന നവാഗത തിരക്കഥാകൃത്താണ് രചന. സൂഫിയും സുജാതയും’, ‘അതിരൻ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനുശേഷം ജസ്റ്റിൻ പ്രഭാകരൻ വീണ്ടും സംഗീതമൊരുക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ഹൃദയപൂർവം’. പ്രശാന്ത് മാധവാണ് കലാസംവിധാനം. ആശിർവാദ് സിനിമാസാണ് നിർമാണം.