‘തുടരുന്ന പോരാട്ടത്തിന്റെ കഥ’: വിടുതലൈ 2 റിലീസ് തിയ്യതി പ്രഖ്യാപിച്ചു

സൗത്ത് ഇന്ത്യയിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ വെട്രിമാരൻ ചിത്രം വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 20നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, വിജയ് സേതുപതി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. വാദ്യാർ എന്നറിയപ്പെടുന്ന പെരുമാൾ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികൾക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയിൽ ചേർന്ന യുവാവിന്റെ മാനസിക സംഘർഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തിൽ ചർച്ച ചെയ്തത്. രണ്ടാം ഭാഗത്തിൽ എങ്ങനെയാണ് പെരുമാൾ എന്ന മാവോയിസ്റ്റ് നേതാവ് രൂപം കൊണ്ടതെന്നും അതിന്റെ കാര്യ കാരണങ്ങളുമാവും പ്രമേയമാക്കുക.

വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ.