ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‍ലി പാകിസ്താനിൽ കളിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്താൻ മുൻ താരം യൂനിസ് ഖാൻ. അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് എത്തുമോയെന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് യൂനിസ് ഖാന്റെ പ്രതികരണം. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നതിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് ബിസിസിഐ അയക്കണമെന്നും പാകിസ്താൻ മുൻ താരം അഭ്യർത്ഥിച്ചു.
ഇതിഹാസതാരം വിരാട് കോഹ്‍ലിയുടെ കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു കാര്യം പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുക എന്നതാണ്. ഇത്തവണ അത് സാധ്യമാക്കണം. ഇത് പാകിസ്താൻ ക്രിക്കറ്റിന്റെ ഒരു ആഗ്രഹം കൂടിയാണ്. പാകിസ്താനിലും കോഹ്‍ലിക്ക് ഒട്ടേറെ ആരാധകർ ഉണ്ടെന്ന് യൂനിസ് ഖാൻ പ്രതികരിച്ചു.
അതേസമയം, ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഐസിസി പിസിബിക്ക് ഫണ്ട് അനുവദിച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് കളിക്കാന്‍ അപെക്‌സ് ബോഡി പിസിബിക്ക് അനുബന്ധ ഫണ്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അതെ സമയം ചാമ്പ്യന്‍സ് ട്രോഫി 2025-ല്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോയില്ലെങ്കില്‍ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2026-ലെ ട്വന്റി 20 ലോകകപ്പില്‍ മത്സരിക്കില്ലെന്ന ഭീഷണിയുമായി പാകിസ്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്.