ഓണ്‍ലൈൻ സെർച്ചിലും അനുബന്ധ പരസ്യങ്ങളിലും കുത്തക നിലനിര്‍ത്താന്‍ നിയമവിരുദ്ധമായി ഗൂഗിള്‍ ശ്രമിച്ചതായി അമേരിക്കന്‍ കോടതി. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ലഭ്യമാക്കാന്‍ വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഗൂഗിള്‍ കോടികള്‍ അനധികൃതമായി നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചാണ് വിധി. ഗൂഗിളിനെയും മാതൃ കമ്പനിയായ ആല്‍ഫബറ്റിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ കണ്ടെത്തല്‍. അതെ സമയം വിധിയെ തുടർന്ന് ഗൂഗിളിനേയും ആല്‍ഫബെറ്റിനേയും എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതില്‍ വ്യക്തതയില്ല.
‘ഗൂഗിള്‍ ഒരു കുത്തകയാണ് എന്ന നിഗമനത്തില്‍ കോടതി എത്തിയിരിക്കുന്നു. ആ കുത്തക നിലനിര്‍ത്താന്‍ ഗൂഗിള്‍ പ്രവര്‍ത്തിച്ചു. ബ്രൗസര്‍ സെര്‍ച്ചുകളുടെ 90 ശതമാനവും സ്‌മാര്‍ട്ട്‌ഫോണ്‍ സെര്‍ച്ചിന്‍റെ 95 ശതമാനവും ഗൂഗിള്‍ ഇങ്ങനെ നിയമവിരുദ്ധമായി കയ്യാളുന്നുണ്ട്.’ ജഡ്‌ജി അമിത് മെഹ്‌തയുടെ വിധിയില്‍ പറയുന്നു.
വിധിക്കെതിരെ അപ്പീല്‍ പോകാനാണ് ആല്‍ഫബെറ്റിന്റെ തീരുമാനം. ഗൂഗിളാണ് ഏറ്റവും മികച്ച സെർച്ച് എഞ്ജിൻ നല്‍കുന്നതെന്നതിന്റെ തെളിവുകൂടിയാണ് വിധി. പക്ഷേ, അത് എളുപ്പത്തില്‍ ലഭ്യമാക്കാൻ അനുവദിക്കില്ല എന്നതാണ് വിധി വ്യക്തമാക്കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോടതി വിധിക്ക് പിന്നാലെ ആല്‍ഫബെറ്റിന്‍റെ ഓഹരി മൂല്യം 4.5 ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ സാമ്പത്തിക രംഗം കനത്ത വീഴ്‌ച നേരിടുന്നതിന് പുറമെയാണ് കോടതിയുടെ നീക്കം ആല്‍ഫബറ്റിന് ഇരട്ട പ്രഹരം നല്‍കുന്നത്.






