ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് നാളെ മുതൽ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയുടെ രചനയും എഡിറ്റിംഗും മഹേഷ് നാരായണൻ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്.
25 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷക ശ്രദ്ധ ഇതിനോടകം നേടിയിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്..
നേരത്തെ തിയേറ്ററിലെത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് കൊവിഡ് നിയന്ത്രണങ്ങളുടെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചിരുന്നു. 2020 ഈദ് റിലീസായി തിയേറ്ററുകളിലെത്തിക്കാൻ പദ്ധതിയിട്ട ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു. കോവിഡ് രണ്ടാം തരംഗവും, നിയന്ത്രങ്ങളും ശക്തമായതോടെ റിലീസ് വീണ്ടും നീണ്ടു പോയി. അങ്ങനെയാണ് ചിത്രം ഓ ടി ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായത്. അതെ സമയം സിനിമയുടെ റിലീസ് തീയതി മൂന്ന് തവണകളായി മാറ്റേണ്ടി വന്നെന്നും ഇനിയും സിനിമയെ പിടിച്ചു വെയ്ക്കാൻ സാധിക്കില്ലെന്നും സംവിധായകൻ മഹേഷ് നാരായണൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞിരുന്നു,






