ടോക്യോ ഒളിമ്പിക്സ്: ഗുസ്തിയില്‍ രവികുമാറിന് വെള്ളി മെഡല്‍

ടോക്യോ ഒളിമ്പിക്സില്‍ 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യന്‍ താരം സൗർ ഉഗ്വേവിനോടാണ് പൊരുതിത്തോറ്റത്. ലോകചാമ്പ്യനാണ് സൗർ ഉഗ്വേവ്. റഷ്യൻ താരമാണ് ഫൈനലിലെ ആദ്യ റൗണ്ട് സ്വന്തമാക്കിയത് രണ്ടാം റൗണ്ടിന്റെ തുടക്കത്തിലും റഷ്യൻ താരം മുന്നേറിയെങ്കിലും രവികുമാർ തിരിച്ചടിച്ചു. ലീഡ് നില 4–7 ആക്കി കുറയ്ക്കാന്‍ രവികുമാറിന് കഴിഞ്ഞു. പക്ഷേ അവസാന നിമിഷം രവി കുമാറിനു പിടികൊടുക്കാതെ ഒഴിഞ്ഞു നിന്ന റഷ്യന്‍ താരം ജയം ഉറപ്പിക്കുകയായിരുന്നു. പൊരുതി ഫൈനലിലെത്തിയ ഹരിയാന സ്വദേശിയായ 23കാരൻ രവികുമാർ വെള്ളിത്തിളക്കവുമായി മടങ്ങും.

കസാക്കിസ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ തോൽപ്പിച്ചാണ്‌ രവികുമാർ ഫൈനലിലെത്തിയത്‌. 2012ൽ സുശീൽ കുമാർ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരൻ ഒളിമ്പിക്‌സ്‌ ഗുസ്​തിയുടെ കലാശ പോരിനിറങ്ങുന്നത്‌. ക്വാർട്ടറിൽ ബൾഗേറിയൻ താരം ജോർജി വാൻഗലോവിനെ 14–4ന്​ തോൽപ്പിച്ചാണ്‌ രവികുമാർ സെമിയിലെത്തിയത്‌.

ലോക ഒന്നാം നമ്പർ താരങ്ങളായ അമിത് പംഗലും വിനേഷ് ഫോഗട്ടും അടക്കുള്ളവർ നിരാശപ്പെടുത്തിയപ്പോൾ പ്രതീക്ഷകളുടെ അമിത സമ്മർദമില്ലാതെ എത്തിയ രവികുമാറിന്റെ അവിസ്മരണീയ പടയോട്ടത്തിനാണു ടോക്കിയോ സാക്ഷ്യം വഹിച്ചത്.