ദുബായിൽ വ്യാജ പാസ്പോർട്ട് കണ്ടെത്താൻ ഇനി 15 സെക്കൻഡ് മാത്രം; ജിഡിആർഎഫ്എയുടെ സംരംഭത്തിന് മികച്ച പ്രതികരണം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുകൾ 15 സെക്കൻഡിനകം കണ്ടെത്തുന്ന നൂതന സാങ്കേതിക വിദ്യക്ക് തുടക്കമായി. ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിലാണ് യാത്രാരേഖകളിൽ കൃത്രിമം കാണിക്കുന്നവരെ പിടികൂടുക. യാത്രക്കാരുടെ രേഖകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ 15 സെക്കൻഡിനകം അത് കൃത്രിമമാണോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ്‌ നജ്ജാർ പറഞ്ഞു.

2018 ജനുവരി മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള ഈ കാലയളവിൽ വിവിധ വ്യാജ രേഖകൾ ഉപയോഗിച്ച 2599 പേരെയാണ് ദുബായിയിൽ പിടികൂടിയത്. സംശയം തോന്നിയവരെ പരിശോധിച്ചുകൊണ്ട് മാത്രമാണ് ഇത്രയും പേരെ കണ്ടെത്താനായത്. കഴിഞ്ഞ വർഷം 1719 പാസ്പോർട്ടുകളാണ് പരിശോധിച്ചത്. അതിൽ വ്യാജ രേഖയുമായി വന്ന 478 പേരെ ഈ സെന്ററിന്റെ സഹായത്തോടെ കൃത്യമായി കണ്ടെത്താനും യാത്രക്കാരിൽ നിന്ന് വിവിധ രാജ്യങ്ങളുടെ വ്യാജ താമസ രേഖകളും ലൈസൻസുകളും കണ്ടെത്താനും സാധിച്ചു. വ്യാജ പാസ് പോർട്ടുകൾ തിരിച്ചറിയാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഒന്‍പത് വർഷം മുമ്പാണ് ഈ സെന്റർ ആരംഭിച്ചത്.