കേരള എസ്എസ്എൽസി ഫലം- 2021 പ്രഖ്യാപിച്ചു; വിജയശതമാനം 99.47%

ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം ഇന്നുച്ചക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉപരി പഠനത്തിന് അർഹരായ വിദ്യാർത്ഥികളുടെ എണ്ണം 121,318 ആണ്. മുൻവർഷത്തെ അപേക്ഷിച്ച് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ട്.

2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർഥികൾ പരീക്ഷയെഴുതി. 1,21,318 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 991 പേർ പരീക്ഷ എഴുതി. കോവിഡ് കാരണം മൂല്യനിർണയ ക്യാംപുകൾ 57ൽനിന്ന് 72 ആയി ഉയർത്തിയിരുന്നു. 12,971 അധ്യാപകർ ക്യാംപിൽ പങ്കെടുത്തു.

കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നതും ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു എന്നതും സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. . ഈ നേട്ടങ്ങൾക്ക് കരുത്തു പകർന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂർത്തിയാക്കിയത്. സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ ഇല്ലാതെയായ രണ്ടാമത്തെ തുടർച്ചയായ അധ്യയന വർഷമാണിത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി മാത്രമേ നിലവിലെ സാഹചര്യത്തിൽ നടത്താനാകു.