കോഴിക്കോട് നിന്നു പറത്തിയ വിമാനത്തിൽ ഏക യാത്രക്കാരനായി മലയാളി ഷാർജയിലെത്തി. ദുബായിൽ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ കണ്ണൂർ തലശ്ശേരി പാനൂർ കടവത്തൂർ സ്വദേശി പി. കെ. ഇസ്മായിൽ ആണ് യാത്രക്കാരൻ. വിമാനത്തിന്റെ പൈലറ്റ് കണ്ണൂർ മട്ടന്നൂർക്കാരനായ ബിനിയും.
വിമാനത്താവളത്തിലെത്തി ബോർഡിങ് പാസ് കിട്ടിയ ശേഷമാണ് താൻ മാത്രമേ യാത്രക്കാരനായുള്ളൂ എന്ന് അറിഞ്ഞതെന്ന് ഇസ്മായിൽ പറഞ്ഞു. അപ്പോൾ ടെൻഷൻ ഒന്നും തോന്നിയില്ല. കോക് പിറ്റിൽ നിന്നു പുറത്തിറങ്ങിയപ്പോഴാണ് പൈലറ്റിലൊരാളായ ബിനിയെ പരിചയപ്പെടാൻ സാധിച്ചത്. കൂടാതെ, നാല് എയർ ഹോസ്റ്റസുമാരുമുണ്ടായിരുന്നു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായി നാട്ടിൽ കഴിയുകയായിരുന്നു ഇസ്മയിൽ. അൽ മദീന ഗ്രൂപ്പിന്റെ ഡയറക്ടറും ദുബായ് കെഎംസിസി സംസ്ഥന കമ്മിറ്റി ട്രഷററുമാണ് ഗോൾഡൻ വീസയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും നാട്ടിലായതിനാൽ വീസ സ്റ്റാമ്പ് ചെയ്യാൻ സാധിച്ചിരുന്നില്ല. കമ്പനിയുടെ സിഇഒ അസീസ് പാലേരിയുടെ ശ്രമഫലമായി കോസ്‌മോ ട്രാവൽസ് മുഖേന പ്രത്യേക അനുമതി സംഘടിപ്പിച്ചാണ് യാത്ര സാധ്യമാക്കിയത്.ഈ മാസം മൂന്നിനാണ് യാത്രാനുമതി തേടി അപേക്ഷ നൽകിയത്.
1,55000 രൂപ(8,000 ദിർഹം)യാണ് ആകെ ചെലവ്. ഷാർജയിൽ 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായതിനാൽ ഇപ്പോൾ വീട്ടിലിരുന്നാണ് ഇസ്മായീൽ ബിസിനസ് കാര്യങ്ങൾ നടത്തുന്നത്. നേരത്തെ ഒരു യാത്രക്കാരനുമായി എയർ അറേബ്യയുടെ വിമാനം കൊച്ചിയിൽനിന്ന് ഷാർജയിലെത്തിയിരുന്നു. തിരൂർ അല്ലൂർ സ്വദേശി മുഹമ്മദലി തയ്യിൽ ആണ് ഷാർജയിൽ എത്തിയത്. പാർട്ട്ണർ വിസ ആനുകൂല്യം ഉപയോഗപ്പെടുത്തിയായിരുന്നു യാത്ര.