ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിൽ നേരിട്ടെത്തിയാൽ 99 ലക്ഷം രൂപ പിഴ

ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൌദിയിൽ പ്രവേശിച്ചാൽ അഞ്ചു ലക്ഷം സൗദി റിയാൽ (99 ലക്ഷം ഇന്ത്യൻ രൂപ) പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 14 ദിവസത്തിനിടെ ഏതെങ്കിലും കോവിഡ് തീവ്രത കൂടിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള യാത്രക്കാർ ബോഡിങ് പാസ് നല്കുന്ന സമയത്ത് ആ വിവരം വെളിപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം വ്യക്തികൾക്കും കൊണ്ടുവന്ന എയർലൈനുകൾക്കും എതിരെ നടപടികൾ സ്വീകരിക്കുന്നതാണ്. ക്വാറന്റീൻ നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെയും സമാനമായ നടപടികൾ ഉണ്ടാകുന്നതാണ്.

വിലക്കുള്ള രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെയും പൗരന്മാർക്ക് കഴിഞ്ഞ ദിവസം സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നു വർഷത്തേക്ക് രാജ്യത്തിന് പുറത്ത് പോകുന്നതിന് വിലക്കേർപ്പെടുത്തുമെന്നതാണ് ശിക്ഷ. എന്നാൽ ഈ രാജ്യങ്ങളിലേക്കു സൗദിയിലുള്ള വിദേശികൾക്കു പോകാൻ അനുമതിയുണ്ട്. വിമാനങ്ങളിലോ ചാർട്ടർ വിമാനങ്ങളിലോ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർക്ക് സൗദിയിലേക്കു വരാൻ അനുമതിയുണ്ട്. ഈ ആനുകൂല്യം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയമങ്ങൾ കടുപ്പിച്ചത്.

ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സൗദിയിലേക്കു പ്രവേശിക്കുന്നതിന് വിലക്കില്ല. തിങ്കളാഴ്ച മുതൽ കോവിഡ് വാക്സീൻ എടുത്ത രാജ്യാന്തര യാത്രക്കാരെ മാത്രമേ സൗദിയിലേക്കു പ്രവേശിപ്പിക്കൂ. യുഎഇ, ഇന്ത്യ, ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, എത്യോപ്യ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ്, വിയറ്റ്നാം എന്നിവയാണ് സൗദിയുടെ ചുവന്ന പട്ടികയിലുൾപ്പെടുന്ന രാജ്യങ്ങൾ.