അഫ്ഗാൻ ഉന്നത ഉദ്യോഗസ്ഥനെ താലിബാൻ ഭീകരർ വധിച്ചു

അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ മാധ്യമ വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ ദവാ ഖാൻ മെനപാലിനെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നു. അഷ്റഫ് ഗാനി സർക്കാരിന്റെ മീഡിയ ആൻഡ് ഇൻഫർമേഷൻ സെന്റർ മേധാവിയാണ് ദവാ ഖാൻ. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണു ഭീകരർ വധിച്ചതെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചു. കാബൂളിലെ ദാറുൽ അമൻ റോഡിലാണു ഭീകരാക്രമണമുണ്ടായത്.

അഫ്ഗാൻ സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. അതിനിടെ, ഇറാൻ അതിർത്തിയോടു ചേർന്ന അഫ്ഗാൻ നഗരമായ സാരഞ്ജ് താലിബാൻ പിടിച്ചു. വടക്കൻ പ്രവിശ്യയായ ജൗസ്ജാനിൽ 10 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. ജൗസ്താനിലെ 10 ൽ 9 ജില്ലകളും താലിബാൻ പിടിച്ചു. യുഎസ് സേനാ പിന്മാറ്റത്തോടെ വിവിധ പ്രവിശ്യകളിൽ ആധിപത്യം നേടിയ താലിബാൻ, അഫ്ഗാൻ സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചു വധിക്കുകയാണ്.