‘നമ്മൾ കൂടി ഉപേക്ഷിച്ചാൽ അവർ രാജ്യമില്ലാത്തവരാകും’: മുൻ ഐ.എസ് പ്രവർത്തകയെയും കുട്ടികളെയും സ്വീകരിക്കാൻ തയ്യാറായി ജസീന്ത ആർഡേൻ

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യുവതിയെയും അവരുടെ മക്കളെയും സ്വീകരിക്കാൻ തയ്യാറായി ന്യൂസിലന്റ് പ്രസിഡന്റ് ജസീന്ത ആർഡേൻ. ഇരട്ട പൗരത്വമുണ്ടായിരുന്ന യുവതിയുടെ പൗരത്വം ഓസ്‌ട്രേലിയ റദ്ദാക്കിയതിന് പിന്നാലെയാണ് സുഹൈറ എന്ന സ്ത്രീയെയും കുട്ടികളെയും തങ്ങളുടെ രാജ്യത്തേക്ക് സ്വീകരിക്കാൻ ന്യൂസിലാൻഡ് തയ്യാറാക്കുകയായിരുന്നു. സുഹൈറ ആഡേൻ എന്ന 26കാരിയായ യുവതി ന്യൂസിലാൻഡിൽ ജനിച്ച് ആറാം വയസിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ വ്യക്തിയാണ്. പിന്നീട് അവിടെ നിന്നും 2014ൽ അവർ ഐ.എസിൽ ചേരാനായി സിറിയയിലേക്ക് പോയി. പിന്നീട് സിറിയയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ സുഹൈറയും കുട്ടികളും തുർക്കിയിൽ വെച്ച് അറസ്റ്റിലാകുന്നത്. സുഹൈറ തീവ്രവാദിയാണെന്നും തുർക്കിയിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ചു എന്നതിനാലും ആണ് ഇവരെ തടവിലാക്കിയതെന്നും തുർക്കി അറിയിക്കുകയായിരുന്നു.

തീവ്രവാദ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച തീവ്രവാദികൾക്ക് പൗരത്വത്തിനുള്ള അർഹത നഷ്ടമാകും എന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ കഴിഞ്ഞ വർഷം സുഹൈറയുടെ പൗരത്വം റദ്ദാക്കിക്കൊണ്ട് പറഞ്ഞു. എന്നാൽ ന്യൂസിലന്റ് കൂടി പൗരത്വം റദ്ദാക്കിയാൽ സുഹൈറ രാജ്യമില്ലാത്തവളായി തീരുമെന്ന് പറഞ്ഞ അവരെ സ്വീകരിക്കാൻ തയാറായി ജസീന്ത ആർഡൻ പ്രസ്താവന ഇറക്കി. ‘അവർ തുർക്കിയുടെ ഉത്തരവാദിത്തത്തിൽ പെടുന്നില്ല. ഇപ്പോൾ ഓസ്‌ട്രേലിയ കൂടി ആ കുടുംബത്തെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുന്നതിലൂടെ അവർ ഇപ്പോൾ നമ്മുടേതായി തീർന്നിരിക്കുകയാണ്,’ ജസീന്ത പറഞ്ഞു. ഓസ്‌ട്രേലിയ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും സുഹൈറയും മക്കളും ന്യൂസിലന്റിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ജസീന്ത കൂട്ടിച്ചേർത്തു. എല്ലാ സുരക്ഷാ നടപടികളും ശ്രദ്ധിച്ചായിരിക്കും അവരെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതു കൂടാതെ സുഹൈറയ്ക്ക് സമൂഹത്തിലേക്ക് പൂർണ്ണമായ അർത്ഥത്തിൽ തിരിച്ചെത്താനും കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും ജസീന്ത പറഞ്ഞു.